Powered By Blogger

എന്റെ പ്രിയപ്പെട്ട എടത്തനാട്ടുകരേ

എന്റെ പ്രിയപ്പെട്ട എടത്തനാട്ടുകരേ.... ഇതെന്റെ നിന്നോടുള്ള അവസാനിക്കാത്ത പ്രണയത്തിന്റെ ഏറ്റു പറച്ചിലാണ് എന്നെത്തന്നെ മറന്നു നിന്നെ ഞാന്‍ പ്രണയിച്ചിരുന്നുവെന്ന സത്യം ഞാന്‍ തിരിച്ചറിയുന്നത് ..... എല്ലാ പ്രേമങ്ങളിലെയും ദുര്‍വിധി പോലെ... നിന്നില്‍ നിന്നുമുള്ള എന്റെ വിരഹത്തിന്റെ നാളുകളില്‍ത്തന്നെയായിരുന്നു ....... പ്രഭാതങളില്‍ എന്നെ വിളിച്ചുണര്‍ത്തിയിരുന്ന .. നിന്റെയാ പള്ളിയിലെ ബാങ്ക് വിളികളെ ഞാന്‍ എന്തു മാത്രം സ്നേഹിച്ചിരുന്നുവെന്നോ....?? അന്ന് , ആ റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലെ നിഴല്‍ വീണ വഴികളിലെ ഭയാനകമായ നിശബ്ദതയെ ... ഞാന്‍ ഭയക്കുകയായിരുന്നില്ലാ .... നിഴലുകള്‍ക്കിടയിലുടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങള്‍ എനിക്കു സമ്മാനിച്ച കൌതുകത്തെ ഞാനൊരുപാടു വിസ്മയത്തോടെ നോക്കിക്കാണുകയായിരുന്നു‌വെന്ന് നീയറിയുക ...... നിന്നെ പിരിയുമ്പോള്‍ ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല എനിക്ക് നഷ്ട്ടപെടുന്നതെന്തെന്നു .... അന്നു‌ ഞാനടച്ചു വെച്ചൊരു പുസ്തകത്തില്‍ മാനം കാണാതെ ഒളിപ്പിച്ചു വെച്ചൊരു മയില്‍ പീലി ... ഇന്നും എനിക്കായി കാത്തിരിക്കുന്നുണ്ടാകുമോ ? അറിയില്ലാ ..... എങ്കിലും ... ഒന്നറിയാം എനിക്കിന്ന് .... എന്റെ പ്രിയപ്പെട്ട എടത്തനാട്ടുകരേ... ഞാന്‍ തിരികെ വരും... ഒരിക്കല്‍............ അന്ന് , എനിക്കു മാത്രമായീ പള്ളിയില്‍ ബാങ്കു വിളികള്‍ മുഴങ്ങും ... അന്നു‌ വീശുന്ന കാറ്റിനെന്റെ സുഗന്ധമുണ്ടാകും .... അന്നു‌ പക്ഷികള്‍ പാടുന്നതെനിക്കു വേണ്ടി മാത്രമാകും .... അന്നു‌ പുറത്തു തിമര്‍ത്തു പെയ്യുന്ന മഴയില്‍ .. നിന്റെ കരവലയത്തില്‍ നിന്നും കുതറി മാറാനാകാതെ .... നിന്റെ നെഞ്ചോടു ഞാന്‍ എന്നെന്നേക്കുമായി ചേരുന്നത് നീയറിയും എന്റെ ഉടയാടകള്‍ ഓരോന്നായി നീ സ്വന്തമാക്കുമ്പോഴും .... അന്നെന്റെ മുഖത്ത് പരിഭവം ഉണ്ടാകില്ല ...... അന്ന്‌ ... അന്നു‌ നീയെന്റെ പ്രണയം അറിയും... പിന്നീടൊരിക്കലും ...നിന്നില്‍ നിന്നു‌ വേര്‍പിരിയാനാകാത്ത വിധം നിന്നില്‍ ഞാനലിഞ്ഞലിഞ്ഞു ചേരും .... ആത്മാവു‌ നഷ്ടപ്പെട്ട എന്‍ ശരീരത്തില്‍ .... അവശേഷിച്ചിരിക്കുന്ന മുഴവന്‍ പ്രണയവും ഇനി നിനക്കു‌ മാത്രമാണ്‌ അവകാശപെട്ടതെന്നു‌ ഞാനിതാ എഴുതി വയ്ക്കുന്നു.