Powered By Blogger

പുനർജനികൾ

ഒരു നിറ സന്ധ്യ പോയ്‌ മറഞ്ഞാലും എന്നും പുലര്‍കാല ശോണിമ പൂവിടര്‍ത്തും. ഒരു ജന്മം കണ്ണീര്‍ പൊഴിച്ച മേഘം ഒരു നവ വാസന്തച്ചിരി പൊഴിക്കും. ഒരു പൂവു മാത്രം കൊതിച്ച ഹൃത്തില്‍ നറുമലര്‍ പൂക്കാലം ഓടിയെത്തും. നിനവുകള്‍ സ്വപ്നങ്ങളായി വീണ്ടും പരിണമിച്ചെത്തും യാഥാര്‍ത്ഥ്യമാവാന്‍! മധു ഉണ്ണാന്‍ വന്നൊരു വണ്ടിനൊപ്പം മധുവിധുക്കാലം കഴിച്ച പുഷ്പം ഒരു ദിനം വാടിക്കരിഞ്ഞു വീഴും, മറയുമീമണ്ണിന്റെ മാര്‍ത്തടത്തില്‍. മധുര മനോഞ്ജമായ്‌ പുഞ്ചിരിച്ചും ചിരികള്‍ വിടര്‍ന്നും നിറഞ്ഞ ചുണ്ടില്‍ വിരിയുന്നു കദനത്തിന്‍ നൊമ്പരങ്ങള്‍ അഴലിന്റെ നിറമാര്‍ന്ന വ്യഥകളൊപ്പം. ചുടുനെടുവീര്‍പ്പുമായ്‌ വിങ്ങിയ മണ്ണിന്റെ കനിവോലും മിഴിനീരിന്‍ കണികയല്ലോ മഴ ഒരു പുതു ഹര്‍ഷമായ്‌ പൊഴിയുന്നു വേനല്‍ തന്‍ കരുണാര്‍ദ്രമായൊരു സാന്ത്വനമായ്‌? മറയുന്നതെല്ലാമീ ഭൂവിലാകെ പുനര്‍ജന്മം തേടി തിരികെ എത്തും. തുടരുന്നീ നാടകശാലയില്‍ ജീവന്റെ അറുതി ഇല്ലാത്തൊരു ജന്മകേളീ

എനിക്കിപ്പോള്‍ എന്‍റെ വീടിന്‍റെ പരിസരങ്ങളില്‍ പരന്നു കിടക്കുന്ന റബ്ബര്‍ മരങ്ങളെ കാണുന്നതിനോ ആകാശത്തിലേക്ക് നോക്കുന്നതിനോ ആകുന്നില്ല
തടവറകളും ഇത് പോലെയാകുമോ? നക്ഷത്രമില്ലാതെ ആകാശമില്ലാതെ
മതിലുകളാല്‍ ബന്ധനങ്ങളാല്‍ ചുറ്റപ്പെട്ട് ഈ രാത്രി ഞാനൊരു മിന്നാമിനുങ്ങാകും ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച് നിങ്ങളിലേക്ക് പറന്നു വരാം

വെറുതെ ഒരു വിലാപം


അറിയില്ല എനിക്ക് .....
ഇനിയും ഞാന്‍ എന്തു ചെയ്യണം എന്ന് ...
എന്റെ ഹൃദയത്തില്‍ ....
പ്രണയത്തില്‍ മുക്കി സ്നേഹത്താല്‍
നീ എഴുതിയ അക്ഷരങളെ ഞാന്‍ എങ്ങനെ
ഇനി മായിച്ചു കളയും എന്ന്‌ ......

കാതില്‍ വന്ന് എപ്പോഴും അടിക്കുമാ സ്വരം
കേള്‍ക്കാതെ ഇരിക്കുവാന്‍ ....
ആരുമില്ലാത്ത ഒരു ആഴിയുടെ
അഗാധതയില്‍ ഒളിക്കുവാന്‍ എങ്കിലും
എനിക്കിന്നു കഴിഞ്ഞിരുന്നുവെങ്കില്‍ ...

എന്നെ തേടുന്നു എന്ന് ഞാന്‍ വെറുതെ
എപ്പോഴും പകല്‍ കിനാവ് കാണുന്ന
ആ കണ്ണുകളില്‍ നിന്ന് ഒളിച്ചോടാനായി
എന്റെ കണ്ണുകളുടെ കാഴ്ച തന്നെ എനിക്ക്
ഈ നിമിഷം നഷ്ട്ടപെട്ടിരുന്നുവെങ്കില്‍ ...

കാണണ്ട എനിക്ക് ഒന്നും...അറിയേണ്ട എനിക്ക് ഒന്നും...
ഉറക്കത്തില്‍ നിന്ന് എനിക്കിനി ഉണരുക പോലും വേണ്ടാ ...

എന്‍റ്റെ കണ്‍ മുന്നില്‍ നീളുമീ പാതയില്‍ .....
ഓടി എന്‍ അരുകില്‍ വന്ന്....
എന്നെ കൊതിപ്പിച്ചു ..... നീ വീണ്ടും തിടുക്കത്തില്‍ യാത്ര
ചോതിച്ചു പോകുന്നത് എന്തിന്‌ .....

ഇനിയും ഒരിക്കലും നിന്നോട് ...
പറയുക വേണ്ടാ യാത്ര എനിക്ക്‌
നെഞ്ചു തകുരുമീ വേദനയോടെ ...
പറയുന്നു ഞാന്‍ ....
അവസാനമായീ ....

പോയ്‌ക്കോള്ളു നീ ....
ഇനിയും യാത്ര ചോദിക്കാനായി മാത്രം
നാം ഒരിക്കലും കാണാതിരിക്കട്ടെ

ഒരു ഏറ്റുപറച്ചില്‍

കവിത ...
എനിക്കത് .... ഇന്നൊരു നൊമ്പരമാണ് ....
മനസ്സില്‍ അടക്കിവച്ചൊരു തേങ്ങലാണ്‌ .....
ചിലപ്പോള്‍ പൊട്ടികരച്ചിലായോ ...
വിതുമ്പലായോ ... പുറത്തേയ്ക്കതു വരുമ്പോള്‍ ...
എനിക്ക് എത്ര ശ്രമിച്ചിട്ടുമത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല ..

അലമുറയിട്ടു കരയുമ്പോള്‍ ...
പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടോയെന്നോര്‍ത്തു
വ്യാകുലപെടാനും എനിക്കാവുന്നില്ലാ ...
എങ്കിലും ..
ഓരോ വട്ടം ...കണ്ണുനീര്‍ തോര്‍ന്നു
മനസ്സു ശാന്തമാകുമ്പോള്‍
ചിന്തിക്കാറുണ്ട് ഞാന്‍ .......
പറഞ്ഞു പോയ വാക്കുകളുടെ അര്‍ത്ഥമില്ലായ്മയെ കുറിച്ച്‌ ...

ഒരിക്കല്‍.....എന്റ്റെ പൊട്ടിക്കരച്ചിലുകള്‍
ഇല്ലാതെയാകുമെന്നും .....
അന്ന്.. നൊമ്പരത്തെ ഒരു നോട്ടത്തിലും
പിന്നെയൊരു കണ്ണുനീര്‍ തുള്ളിയിലും ഒതുക്കാന്‍ കഴിയുമെന്ന് ...
വെറുതെ ഞാന്‍ .........
അപ്പോഴൊക്കെയും സ്വപ്നം കാണാറുണ്ട്‌ ....
( ഇന്നു കവിത എന്നാല്‍ എനിക്ക് എന്റ്റെ പ്രണയം തന്നെയാണ്

അവള്


.അന്ന് ...
വയറു നിറഞ്ഞിട്ടും നീട്ടിയ
ചോറുരളിയില്‍ നിന്നു രക്ഷപെടാനായി
മുറ്റത്തെയ്ക്കുള്ള എന്റെ ഓട്ടത്തില്‍
കണ്ടു... നിന്നെ ഞാനാദ്യമായി ...

'വിശക്കുന്നു അമ്മേ 'എന്ന് വിളിച്ചു
നീ നീട്ടിയ പിച്ചപാത്രത്തിനോടൊപ്പം
ആദ്യമായി കണ്ടു ഞാനാ
രണ്ടു തിളങ്ങുന്ന കണ്ണുകള്‍ ...
കണ്ടാല്‍ സമപ്രായക്കാരെന്നു തോന്നിക്കിലും
നീയെന്നെ 'അമ്മേ' എന്നു‌ വിളിച്ചാണ് യാചിച്ചത് ...

വീണ്ടും ....
കണക്കു സാറില്‍ നിന്ന് രക്ഷപെടാനുള്ള സൂത്രങ്ങളാലോചിച്ചു
സ്കൂളിന്റെ പടികള്‍ കടന്നപ്പോള്‍
നീ.. അവിടെ.....
ആ സ്കൂളിന്റെ പടിക്കല്‍ ...
നിന്റെ പാത്രത്തില്‍ വീണ നാണയങ്ങള്‍ കൊണ്ട്
കണക്ക് കൂട്ടുകയായിരുന്നു ...
അന്നും നീയെന്നെ പാളിനോക്കിയിരുന്നു ...
ഞാന്‍ നിന്നെയും ...

പിന്നിട്‌ ....
നഗരത്തിലെ തിരക്കിന്നിടയില്‍ . ..
വീണ്ടും കണ്ടു‌ ഞാന്‍ ....
നീയാരെയോ കാത്തു നില്‍ക്കുകയായിരുന്നു ...
എന്നിട്ടും...
എന്റെയും നിന്റെയും തിരക്കിന്നിടയിലും ....
നമ്മുടെ നയനങ്ങള്‍ അന്നും കൂട്ടിമുട്ടിയിരുന്നു ...

വീണ്ടും നീ .... ഒരു ഇട വഴിയില്‍ ..
അന്ന് നിന്റെ കൈയിലിരുന്നു കരയുന്ന കുഞ്ഞിനു
ആകാശത്തിലെ പറവകളെ
കാണിച്ചു കൊടുക്കുകയായിരുന്നു ...
അന്നും ....
നമ്മള്‍ കണ്ടു‌ ...
നമ്മുടെ മിഴികള്‍ നമ്മെ തിരിച്ചറിഞ്ഞു ...
എന്നിട്ടും
ഞാന്‍ നിന്നോടോ ...
നീയെന്നോടോ എന്തേ ഒന്നും ചോദിച്ചില്ലാ ?
ഞാന്‍ നിന്നെയോ ...നീയെന്നെയോ നോക്കിയൊന്നു
ചിരിക്കുക പോലും ചെയ്തില്ലാ ...... ?

വീണ്ടും ....
അവസാനത്തെ കാഴ്ച ...
ആള്‍ക്കൂട്ടത്തിന്നു നടുവില്‍ . ..
ഒരു പഴന്തുണിയില്‍ പൊതിഞ്ഞു നീ കിടന്നപ്പോള്‍ ...
അന്ന്....പക്ഷേ ... നീയെന്നെ കണ്ടില്ലെങ്കിലും ...
എന്റെ കണ്ണുകള്‍ അപ്പോഴും നിന്നെ കണ്ടു‌‌

നീ കാണുന്നില്ല എന്നെ എന്നാശ്വസിച്ച്‌
ഞാനന്നു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍ ...
വീണ്ടും ..കണ്ടു ഞാന്‍...

നിന്റെ തണുത്ത ശരീരത്തോടു ചേര്‍ന്നിരുന്ന് ...
നിസ്സംഗമായി എന്നെ നോക്കുന്ന
രണ്ടു കൊച്ചു കണ്ണുകള്‍..
നിന്റെ മകള്‍ ...

വീണ്ടും പുതിയ കഥ ...
പുതിയ രണ്ടു കണ്ണുകളുടെ നിസ്സംഗത ...
ആ കണ്ണുകളെയും കണ്ടില്ലെന്നു നടിച്ച് ...
ആള്‍ക്കൂട്ടത്തിന്നിടയില്‍ കൂടി ...
മുന്നോട്ടിനിയും എന്റെ തിടുക്കത്തിലുള്ള യാത്രകള്‍ . ...

എന്തുകൊണ്ടെനിക്കാ കുഞ്ഞിനെ ഒന്നു വാരിയെടുക്കാന്‍ തോന്നിയില്ലാ ...?
ഉത്തരം കിട്ടാത്ത ചോദ്യങള്‍ ....
സ്വയം ചോദിച്ചു ....ചോദിച്ചു ... വെറുതെ ....
അകലെയ്ക്കു മിഴികള്‍ പായിച്ചു ...ഞാനും..

വാച്ചില്‍ നോക്കി...
സമയം പോയെന്നു പഴിച്ച് ...
പോകട്ടെ ഞാന്‍ തിടുക്കത്തില്‍...
ഈ ലോകം , എന്റെ തലയില്‍ കൂടി കറങ്ങുന്നു
എന്ന ഭാവത്തോടെ

മാപ്പ്


പലരോടും പറയുവാന്‍ കാത്തുവച്ചൊരു വാക്ക് ....
അവസാനം പലരോടും പറയുവാന്‍ കഴിയാതെ ....
തൊണ്ടയിലിരുന്നു ശ്വ്വാസം മുട്ടിയൊരു വാക്ക്...
പലരില്‍ നിന്നും കേള്‍ക്കുവാന്‍ കൊതിച്ചൊരു വാക്ക് ......
പലര്‍ക്കും പറയുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിച്ച ഒരു വാക്ക്
ആര്‍ക്കൊക്കെയോ വേണ്ടി പിന്നെ
ആരൊക്കെയോ പറയേണ്ടി വന്നൊരു വാക്ക് .....

തീരത്തെഴുതിയ അക്ഷരം മായ്ക്കും തിരമാലയേക്കാള്‍ വേഗത്തില്‍...
അഗ്നിയെ കെടുത്തും ശക്തിയുള്ളതീ വാക്കു
ആരോടെങ്കിലും പറയുവാന്‍
നീ കാത്തു വച്ചിട്ടുണ്ടെങ്കില്‍ ...
അഹംഭാവം കാത്തു സൂഷിച്ചു നീ
കാത്തിരിക്കുന്നതെന്തിനു ?

ആരില്‍ നിന്നെങ്കിലും കേള്‍ക്കുവാന്‍ കൊതിക്കുന്നെങ്കില്‍ ....
എന്തിനു നീയും കാത്തിരിക്കുന്നു ?
അഹമെന്ന ഭാവം മാറ്റി വച്ചൊരു നിമിഷം
ചെവിയോന്നു ചേര്‍ക്കൂ നിന്‍ മനസ്സിന്‍ സ്വരം കേള്‍ക്കാന്‍......
കേള്‍ക്കുവാന്‍ കൊതിച്ചവനോട് നീ തന്നെ പറഞ്ഞു നോക്കു..
അറിയാമാ വാക്കിന്‍ ശക്തിയപ്പോള്‍ ........
ഒരു ജന്മം കേള്‍ക്കാന്‍ കൊതിച്ചോരാ വാക്കൊരു -
നിമിഷം നിന്നരുകില്‍ നിന്നു വിതുംബുന്നതും

മാപ്പ്......
കേള്‍ക്കുവാന്‍ കൊതിച്ചവരൊക്കെയും കേള്‍ക്കട്ടെ
പറയുവാന്‍ കാത്തിരുന്നവരൊക്കെയും പറയട്ടെ....
കാലമേ....നീ അനുവദിക്കണമേ .....
കാത്തിരിക്കണമേ ..... ക്ഷമയോടെ നീയും .....

ചിലര്‍


ചിലര്‍ ....
അവര്‍ വിരിഞ്ഞു നിക്കുന്ന പൂവിനെനോക്കി
ചെടിയിലെ മുള്ളുകളെ കുറിച്ചോര്‍ത്തു വിലപിച്ചു പോകുന്നവര്‍
മിന്നാമിനുങ്ങിനെ നോക്കി
സൂര്യനുമായി താരതമ്യം ചെയ്തു പരിഹസിക്കുന്നവര്‍ ...
മരുഭൂമിയിലെ ഇളംകാറ്റിനോട് ...
കൊടുങ്കാറ്റാവാന്‍ ആവശ്യപെടുന്നവര്‍ ...
കുഞ്ഞു ചിറകുകള്‍ വിരിച്ചാകാശത്തിലേയ്ക്ക് പറക്കുന്ന
കൊച്ചു പക്ഷിക്ക്‌ വേഗം പോരായെന്നു പറയുന്നവര്‍ ...
മുറിഞ്ഞ കാലുമായി ഏന്തി നടക്കുന്നവനെ കണ്ട്‌ ...
കൈപിടിച്ചു സഹായിക്കുവാന്‍ ചെല്ലുന്നവരെ പോലും
പരിഹസിച്ചു ആട്ടിയോടിക്കുവാന്‍ നോക്കുന്നവര്‍ ...

ഒറ്റക്കണ്ണന്‍മാര്‍ .....
മറ്റുള്ളവരുടെ കണ്ണിലെ കരടിനെ നോക്കി ...
മറ്റുള്ളവര്‍ക്ക്‌ കാഴ്ച കൊടുക്കാന്‍ വേവലാതിപ്പെടുന്നതിന്നിടയ്ക്കു ...
സ്വയം രണ്ടു കണ്ണും തുറന്നു നോക്കാന്‍
കഴിയാതെ പോകുന്നവരീ ഒറ്റക്കണ്ണന്‍മാര്‍ ...
ദൈവത്തിന്‍ ദാനമായ രണ്ടു കണ്ണിലൊന്നിന്‍ കാഴ്ചയെ
സ്വന്തം കൈത്തലം കൊണ്ട് മറച്ചു നടക്കുന്നവര്‍ ....

ഒറ്റക്കണ്ണന്‍മാര്‍...അറിയാതെ പോകുന്നുവോ ....
മുള്ളുകളുള്ള ചെടിയിലും പൂക്കള്‍ വിരിയുമെന്ന്
ഇരുട്ടിലെ മിന്നാമിന്നി തന്‍ വെളിച്ചം
ചിലര്‍ക്ക് ഒരാശ്വാസമാണെന്ന്
മരു ഭൂമിയിലെ ഇളംകാറ്റു ഒരനുഗ്രഹമാണെന്ന്
കല്ലുകളെത്ര എറിഞ്ഞാലും ...പക്ഷി ആകാശത്തുകുടി
പറക്കുക തന്നെ ചെയ്യുമെന്ന്
പരിഹാസമെത്ര ചൊരിഞ്ഞാലും-
ഏന്തി നടക്കുന്നവന് ഒരു കൈത്താങ്ങായി
വരുന്ന മനസ്സിന്‍ നന്മ ...അതിനെ ആട്ടിയോടിക്കുവാന്‍
ആവില്ല നിങ്ങള്‍ക്കെന്നു ...

എങ്കിലും ,ഒറ്റക്കണ്ണന്‍മാരേ... നിങ്ങളും വേണമീ ലോകത്തു ...
നിങ്ങളുടെ ജല്പനങ്ങള്‍ കേട്ടു ....
ചിലപ്പോള്‍ , ഒരു കൊച്ചു പക്ഷി
എത്രയും വേഗം ആകാശത്തിലേക്ക് ചിറകിട്ടടിച്ചു
വാശിയോടെ പറന്നെങ്കിലോ...?