Powered By Blogger

**എന്റെ അജ്ഞാത കാമുകന്**


ഒരിക്കല്‍..,
അന്ന്‌, എനിക്കു മാത്രമായി പള്ളി മണികള്‍ മുഴങ്ങും ...
അന്നു വീശുന്ന കാറ്റിനെന്റെ സുഗന്ധമുണ്ടാകും ....
അന്നു‌ പക്ഷികള്‍ പാടുന്നതെനിക്കു വേണ്ടി മാത്രമാകും ....

അന്ന്...എന്റ്റെ പ്രിയപെട്ടവനെ ...നീ വരുക
ഉയര്‍ന്നു കേള്‍ക്കുന്ന വിലാപങ്ങളും...
ചുറ്റുമുള്ള ആള്‍ക്കൂട്ടവും കാര്യമാക്കാതെ ,
എന്നരികിലേക്കു നീ നടന്നു വരിക ....
വെളുത്ത വസ്ത്രത്തിനുള്ളിലന്നു -
ഞാനൊരു മണവാട്ടിയെപോലെ സുന്ദരിയായിരിക്കും

എന്റ്റെ അരുകില്‍ വന്നെന്റെ
കൈവിരലുകളില്‍ നീ മുറുകെ പിടിക്കുക ...
ഇത്തിരി നേരം...
ഇത്തിരി നേരം മാത്രം മതി ....

നിന്റ്റെ വിരലിന്‍ ചൂടെന്റെ -
നനുത്ത വിരലില്‍ പതിയുന്ന നിമിഷം...
ആ...നിമിഷം...
എന്റെ ശരീരത്തില്‍ നിന്നുമെന്നാത്മാവ്
നിന്നെ വാരി പുണരുന്നത് നീയറിയും ...

ഇനി നീ .....വരൂ ...
നമുക്കീ തിരക്കില്‍ നിന്നും ,
വിലാപങ്ങളുടെ മത്സരങ്ങളില്‍ നിന്നും മാറി നിന്ന് ,
ഇവിടെ നടക്കുന്നതൊക്കെയും കാണാം....
അല്ലെങ്കിലും ...ഇനിയും...
ഇവിടെ ഇങ്ങനെ നിന്നാല്‍ ..പല കണ്ണുകളിലും ...
നീയാരെന്ന ചോദ്യമുണ്ടാവും ....
ഉത്തരം പറയാനാവാതെ
നീ വിഷമിക്കുന്നതെനിക്ക് കാണേണ്ട....

നോക്കൂ...,
പറയാനൊരുപാടുണ്ടെനിക്ക് ....
എത്രയോ കാലമായെന്നോ ഞാനീ ദിവസം
സ്വപ്നം കണ്ടു ജീവിക്കാന്‍ തുടങ്ങിയിട്ട്...
കാണുന്നില്ലേ നീ ....
എനിക്ക് ചുറ്റും....കരഞ്ഞു വീര്‍ത്ത
കണ്ണുകളുമായിരുന്ന് വിലപിക്കുന്നവരെ ?
എന്നോടുള്ള സ്നേഹത്തിന്റെ ആഴത്തെക്കുറിച്ച്...
പറയാന്‍ മത്സരിക്കുന്നവരെ ...?
പിന്നെ എന്റെ നഷ്ടത്തെ ....
ആഘോഷമാക്കാന്‍ നോക്കുന്നവരെ... ?

എന്നെ....
കൈപിടിച്ചു പന്തലിലേക്കു ഇറക്കാന്‍ നേരം...
നിറുകയില്‍ ചുംബിചൊരുപാടുപേര്‍
എന്നെ യാത്രയാക്കാന്‍ തുടങ്ങും....
ആ തിരക്കിലേക്ക് നീ നോക്കേണ്ട....
അവരൊക്കെ ആദ്യമായിട്ടെന്നെ
ചുംബിക്കുന്നവരോ...അല്ലെങ്കില്‍ ....
എന്നെ ചുംബിക്കാന്‍ മറന്നു പോയവരോയൊക്കെയാണ് ...

ഇനി ഇവരുടെയൊപ്പം നമുക്കും പോകാം ...
ഇവരില്‍ പലരും തിടുക്കത്തിലാണ്...
എന്നെ പറഞ്ഞു വിട്ടിട്ടിവര്‍ക്ക് ....
ചെയ്യ്തു തീര്‍ക്കാന്‍
ഒരുപാടു കാര്യ ങ്ങളുണ്ട് ....

എങ്കിലും ....നിശബ്ദമായി
നിന്നോടൊപ്പം....ആ റബ്ബര്‍ തോട്ടത്തിലുടെ നടക്കുമ്പോള്‍ ....
ഞാനറിയും.....നിന്റ്റെ മൗനം....അതിന്റ്റെ ഭാഷ...
അല്ലെങ്കിലും ...നമുക്കിടയില്‍ വാക്കുകളുടെ ആവശ്യം
ഒരിക്കലുമുണ്ടായിരുന്നില്ലല്ലോ......അല്ലേ..?

നീ കണ്ടോ..
മനോഹരമായി അലങ്കരിക്കപെട്ട എന്റെ മണിയറ ..
കത്തുന്ന മെഴുകുതിരികള്‍ക്ക് നടുവില്‍ ,
വില കൂടിയ പൂക്കള്‍ക്കിടയില്‍ ,
ഇതാ എനിക്കുള്ള അവസാനത്തെ സമ്മാനങ്ങള്‍
ചുംബനത്തിലൂടെ തന്നു തീര്‍ക്കുന്നെല്ലാരും....
വേണ്ട ...
നീയതിന്റെ അരുകിലേക്ക്‌ പോലും പോകേണ്ട....
എനിക്കിഷ്ടമല്ല ....
നീയപ്പോള്‍ ....അവിടെ.....
അതിന്റെയരുകില്‍ ഉണ്ടാവുന്നത് ....

നീ മാറി നില്ക്കുക.....
നിന്റ്റെ കണ്ണുകള്‍ക്ക്‌ ദൂരെയല്ലാത്ത അകലത്തില്‍....

ഞാനെന്ന മണവാട്ടിയെ
ആ മണിയറയിലടച്ചവസാനമായി
തരാനുള്ളതും തന്ന്....
ഇതാ ഓരോരുത്തരായി പോയി തുടങ്ങുന്നു .....
ഒരാഗ്രഹമേയുള്ളു എനിക്കിപ്പോള്‍ ...
അവസാനത്തെ ആളുമിപ്പോള്‍ പോകും ....
അതുവരെ നീ പോവരുത്
എന്നരുകില്‍ നിന്നു...
അന്ന്...
അവസാനമായി പോകുന്നത്
നീയായിരിക്കണം.....

ഇത്തിരി നേരം..
ഇത്തിരി നേരം... ഇനി വരൂ...
ആ മണിയറക്കു മുന്നില്‍ ....എന്നരുകില്‍....
ഒന്നും പറയേണ്ട ....വെറുതേ....
വെറുതേ ....

നോക്കൂ..
എന്തിനേ ....നിന്‍ കണ്ണുകളിപ്പോള്‍ നിറയുന്നതും....
നീ കരയുന്നതും ....
കരയാനറിയാത്ത എന്റെ ചെറുക്കാ ....
ഇപ്പോഴെങ്കിലും.....നീ....
എനിക്ക് വേണ്ടി ഉറക്കെയൊന്നു‌ കരയുക .
ഒന്നും നഷ്ടമായിരുന്നില്ല
എന്ന തിരിച്ചറിവിന്റെ സന്തോഷത്തിലെങ്കിലും
നീയപ്പോള്‍ ഉറക്കെ കരയുക......

ഇനി നീ ......
ആ വിരലുകള്‍ കൊണ്ട്....
ആ മണിയറയില്‍.....ഒന്നു തൊടുക.....
എന്നിട്ട്.....
എന്നിട്ട്.....
ഇനി നീ ........പൊയ് കൊള്‍ക

പോകുന്നുവെന്ന് പറഞ്ഞു നടന്നു തുടങ്ങിയിട്ട് ,
പോകാതെ തിരിഞ്ഞു നോക്കുന്നുവോ....?
എന്തിനേ ...??
ഞാന്‍ തടയാത്തത് എന്തിനെന്നാണോ ??
പോവരുതെന്നു പറഞ്ഞ്...ഞാന്‍
കരയുന്നോയെന്നു അറിയാനാണോ??
ഞാന്‍ എന്തേ ഒരു കോമാളിയെപ്പോലെ....
വട്ടുകള്‍ പറഞ്ഞ് ....
കുറച്ചു നേരം കൂടി നിന്നെ പിടിച്ചു നിര്‍ത്താന്‍
നോക്കാത്തതെന്നു ഓര്‍ത്താണോ??

അറിയില്ലേ .....
ഞാന്‍ ഉറങ്ങിപ്പോയി.....
എന്റെ ഉറക്കമില്ലാത്ത രാത്രികളുടെ
അവസാനമല്ലേയിന്ന് ...
എപ്പോഴോ ...
നിന്നരുകില്‍ ഇരുന്നു ....
നിന്നോടൊപ്പം.....
ഏത് നിമിഷമാണെന്നറിയില്ല...
ഏതോ ഒരു നിമിഷം....
ഉറങ്ങിപ്പോയീ ഞാന്‍...

തിമിര്‍ത്തു പെയ്യുകയാണ് മഴ
ഇപ്പോള്‍....
നിന്നെ നനയിച്ചു ....
ഒരു കുസൃതി ചിരിയോടെ..

അറിഞ്ഞില്ല അല്ലേ....
നീ....