Powered By Blogger

തെരുവിന്റെ പെണ്‍കുട്ടി


നഷ്ടപ്പെട്ട ആത്മാവുകളെ
തേടിയലഞ്ഞ രാത്രികളിലാണ്
നക്ഷത്രങ്ങള്‍ അവള്‍ക്കു കൂട്ടുകാരായത് ...

മനോഹരമായ ഇതളുകളും , സുഗന്ധവുമായി
പുഴയരുകില്‍ കണ്ടൊരു കാട്ടുപൂവ് ...
മുടിയില്‍ ചൂടാന്‍ വാശി പിടിച്ച രാത്രിയിലാണ്
അവളുടെ നീളന്‍ ചുരുള്‍മുടി മുറിച്ചെറിയപ്പെട്ടത്‌ ...

സ്വയം മറന്നു മഴവില്ലാസ്വദിച്ചു നിന്ന
ആ വൈകുന്നേരമാണവളുടെ ശരീരത്തില്‍
മഴവില്ലു പോലെ വിരല്‍ കൊണ്ടു
അടയാളങ്ങള്‍ സമ്മാനിക്കപ്പെട്ടത്‌ ....

ഒരു മുല്ലപ്പൂവിന്റെ സുഗന്ധം സമ്മാനിച്ച്
ഒരു പുലരിയില്‍ തഴുകി പോയ ഇളം കാറ്റിനോട്
സ്വകാര്യം പറഞ്ഞതിനാണ് ...ഒരു രാത്രി മുഴുവന്‍
അവള്‍ തനിച്ചു മുല്ലപ്പൂവ് തേടിയലഞ്ഞത്‌ ...

ഒരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തുവലുകളുമായി...
അന്ന് , ആകാശത്തു കൂടെ പറന്നുപോയ
ഒരു പക്ഷിയെ നോക്കി നിന്ന രാത്രിയിലാണ്
അവളുടെ മുറിയില്‍ കഴുകന്മാര്‍ പറന്നിറങ്ങിയത് ...

ഒരു വേനല്‍ കാലത്ത് പെയ്ത പുതുമഴയില്‍
അറിയാതെ ചുണ്ടിനെ നനയിച്ച ആ മഴത്തുള്ളിയുടെ
നനവ് മായും മുന്‍പേ ആയിരുന്നു അവള്‍
സ്വന്തം രക്തത്തിന്റെ രുചിയും ആദ്യമായറിഞ്ഞതു.....

അസ്തമിക്കരുതെന്നു പറയാന്‍ കഴിയാതെ പോയ
സൂര്യനെ പ്രണയിച്ചതിനു ശേഷമാണവള്‍
അക്ഷരങളെ ഗര്‍ഭം ധരിച്ചതും
വിഷം തുപ്പുന്ന അണലിക്കുഞ്ഞുങ്ങളെ പെറ്റു പെരുകിയതും ...